സമയവും കാലവുമളക്കാതെയുള്ള
എന്റെ കണ്ണുകളിലേക്കുള്ള നിന്റെ യാത്ര.
ഇന്നുമവിടെ താഴ്വേരുകൾ പൊട്ടിയ
ഉണക്കമരച്ചോടുകളുണ്ട്,
ചിരിക്കാത്ത പക്ഷികളുണ്ട്
ചിതറിയ ഒരാകാശമുണ്ട് .
എന്റെ കണ്ണിന്റെ പാറയിൽ
തട്ടി വീഴുന്ന നിന്റെ മൂകത
ഒരു കടലായ്
ഇന്നും താഴേക്കു തന്നെ,
എന്റെ പച്ച ഞരമ്പുകളിലേക്ക് .
ഇന്നീ കണ്ണിന്റെ തിരപ്പെരുക്കത്തിൽ
മുങ്ങി നിവരുന്ന ഓർമ്മസന്ധ്യകൾ
ഒരു പുകമറയിലെന്ന പോൽ
നീലിച്ചും നരച്ചും
മണ്ണിനാഴങ്ങളിലേക്ക് ...
എന്നും
നെഞ്ചിനുള്ളിലമരുന്നു
ഒരു പിടി വിത്തുകൾ,
കാറ്റാടികൾ
നിന്റെ കൈവിരലുകൾ
തരുന്ന തലോടലുകൾ .