April 28, 2013

വേവുമിടം




മങ്ങിയ ഇരുൾപാടിനുള്ളിൽ 
കലങ്ങി ഒഴുകുന്ന അമാവാസി . 
ഇന്നു ഞാനാകുന്നു അമാവാസി . 
മണ്ണിനുൾത്തടങ്ങളെ ഭേദിക്കും 
കാലത്തിൻ കരിങ്കിളി . 

നാദഗന്ധങ്ങളേറെ ഒഴുകും പുഴ പോലെ 
ഹൃത്തടത്തിൽ വീഴുമേതോ പവിഴം പോലെ 
അന്തരാളങ്ങളേയേറെ കീറി വലിക്കുന്നിന്നേതോ 
 പ്രണയത്തിൻ ഗ്രീഷ്മതപം . 

ഇന്നു ,
സൂര്യൻ മാഞ്ഞതറിഞ്ഞീല 
നിലാവിന്റെ പെരുമഴ വീണതറിഞ്ഞീല 
സന്ധ്യതൻ ചുവപ്പായ് ഉള്ളിടം കീറുന്നേതോ 
ജലരേഖതൻ പൂർവ്വസ്മൃതി .
ഇന്നു വേവുമിടം നീല കലർന്നൊരു ഹരിതവനം . 

ഇന്നു ഭൂമിയുടെ ചുണ്ടനക്കങ്ങളിൽ 
നിന്നെനിക്കൊരു  രക്തവീണ . 
മണ്ണിന്റെ നാഭിയിൽ നിന്നൊരു നീല ജലാശയം . 
ജലാശയങ്ങളിൽ നിന്നൊരു വാൾമുന. 
വാൾമുനയിൽ കുരുക്കുന്നേതോ  
അന്തരാളം കറുപ്പിക്കുന്നൊരു -
വെളുത്ത കവിത .