March 11, 2013

ഒരു സുഹൃത്തിന്റെ മരണം



ആയുസ്സിന്റെ ഇഴകള്‍ പൊട്ടിച്ച് , 
നീയിരുള്‍ പാതയില്‍ 
സ്വയം തൂങ്ങിക്കിടന്ന നേരത്തു 
ചെറിയവളായ ഞാന്‍ 
നിന്നെ വാഴ്ത്താതെ 
ഓമനിക്കാതെ , 
ആളുന്ന നിന്റെ നെഞ്ചകത്തു 
വരിഞ്ഞു മുറുകി  . 

മരണമായെത്തിയൊരാ -
അസ്തമയ രാവിന്റെ ചെങ്കതിളുകളില്‍  
ചുവന്നു നിന്നത് ,
നിന്നില്‍ കനിഞ്ഞിറങ്ങിയ 
പ്രണയമാം വീഞ്ഞിന്റെ 
മടുക്കാത്ത ഗന്ധമായിരിക്കണം . 

പുകമറയ്ക്കുള്ളില്‍ ഒതുങ്ങിയ 
നിന്നിളം കൈകള്‍ 
ചോദിച്ചു വരുന്നതും,
അതിരു വെയ്ക്കാത്ത ,കറകളിലാത്ത 
നമ്മുടെ സൗഹൃദത്തിന്റെ 
മേച്ചില്‍പുറങ്ങളെ തേടിയാണ് . 

കാലം വിഴുങ്ങിയ 
ഉണങ്ങിയ നെല്ലിയ്ക്കാ മരം പോലെ 
പുളിയും,മധുരവുമായി 
നുണച്ചിറക്കിയ ഇളം മൊട്ടുകളെ   
ഏകയായി ഞാനിവിടെ  
രുചിച്ചു നടക്കുന്നു . 

നിനക്കു സ്തുതി !
കരിഞ്ഞുണങ്ങിയ നിന്റെ ദേഹത്തോട് 
എന്തു പറയാന്‍ . .. 
കാലം മായ്ക്കാത്ത ഓര്‍മ്മകളില്‍ നിന്ന-
യടര്‍ത്തിയെടുത്ത് സ്വയം- 
ഒരു മുളന്താണിയുടെ കെല്‍പ്പുമായി 
നിന്നു പഴുക്കണമെന്ന് 
ആത്മഗതം ചോല്ലുകയുണ്ടായി  ...  .  

കാവില്‍ എണ്ണ വറ്റാതെ,
കാത്തു പോന്ന പ്രാര്‍ത്ഥനകളേറെയും 
നിനക്കിന്നു കൂട്ട് ....   
ഞാനറിയുന്നു, 
ഊരു ചുറ്റുന്ന ഏതോ അമ്പലപ്രാവി-
ന്നടുവിലിരുന്നു നീ സ്വയം തേങ്ങുന്നുണ്ട് . 

വാ തോരാതെ,കോരിയുണക്കിയ 
നാവിന്‍ തുമ്പത്ത് ചില്ലിട്ട 
മേഘത്തുണ്ടുകള്‍ ഓരോന്നായി 
ഇവിടെ അഴിഞ്ഞു  വീഴുന്നുമുണ്ട് . 

വഴിമുട്ടിയവളുടെ അന്തി വെട്ടത്ത് ,
മണത്തു നടന്ന പേക്കാറ്റുകള്‍   
ഗദ്ഗദമോതി വന്നതു -
എന്തിനായിരിക്കണം . ..  ?

നീയില്ലാത്ത രാവിന്‍ കൊമ്പത്തിരുന്ന് , 
മഞ്ഞു മുഖങ്ങളെ  തൊട്ടു തലോടുമ്പോള്‍ 
പണ്ടു  നാം കളിച്ച തീരങ്ങളില്‍  
ഒലിച്ചുവന്ന വെള്ളമീനുകള്‍   
ഇന്നിവിടെ പരക്കം പായുകയാണ് . ..