December 21, 2012

നിസ്സഹായത

ഉടയുന്ന എന്‍ കുപ്പികള്‍വളകള്‍ക്കിടയില്‍ 
പിടയുന്നതു നിന്‍ കാമത്തിന്‍ മുനകളോ  
പുലമ്പുന്ന വാക്കിനാല്‍ അര്‍ത്ഥം തേടി 
തുറിക്കുന്ന കണ്ണുമായി ചാരത്തണയവേ,
ഞാനറിയുന്നു ഇരുട്ടിന്‍ കയങ്ങളില്‍ പുല്‍കുന്ന 
അകത്തളത്തെ വെറുമൊരു പേടമാനായി.

















ചുവന്ന നാടയില്‍ തീര്‍ത്തോരീറന്‍ പൂക്കളെ 
നെഞ്ചിനറകളില്‍ കുത്തി നിറക്കവേ 
പലവട്ടം മോഹിച്ചൊരീണമെന്‍ സിരകളില്‍
താളങ്ങള്‍ കെടുത്തുന്ന തപ്തഗീതകങ്ങളായി 
തിരിതാഴ്ത്തി ആഴങ്ങളില്‍ വെന്തടിയുകയായി.

തണലില്ലാത്തോരെന്‍ മനം കൊതിക്കുന്നു വേളയില്‍  
മൂടുപടം നീക്കുവാന്‍, തെല്ലൊന്നു പറന്നീടുവാന്‍ .
പുതപ്പിനാല്‍ മൂടിയും,ചുണ്ടുകള്‍ അമര്‍ന്നും നിന്‍ -
കേളികള്‍ക്കേറെയറുതി വരുത്തുവാന്‍ നേരമായി.

തനിയെ വിറയ്ക്കുന്ന മേനിയില്‍ വിത്തു പാകി 
പിറവിയായി എടുക്കുന്നു ജന്മങ്ങള്‍ അത്രയും.
അറിയാതെ വീണൊരെന്‍ നക്ഷത്രക്കുഞ്ഞുങ്ങളായി 
പെറ്റു പെരുകുന്നു,നാമങ്ങളായി വിരിയുന്നു.
ഇനിയൊരു കാലം വന്നീടുമോ എനിക്കു മാത്രമായി 
അന്നെന്‍ മനതാരില്‍ പാരിജാതമേറെ പൂക്കുകയായി.

1 comment: