December 25, 2012

കൈരേഖകള്‍


കൈരേഖകള്‍ തന്‍ അകക്കാമ്പില്‍ 
ചുരുണ്ടു  കൂടിയ നിന്റെ  ഭാവിയുടെ  
മന്ത്രക്കോവിലില്‍ ഇരുള്‍ മഴയായി 
പെയ്തിറങ്ങുന്ന കിനാവിനു  
ഓളങ്ങളെത്രയാണ്?    

 













കൈകളില്‍ പതിഞ്ഞ ദീര്‍ഘായുസ്സിനു 
കാവലായി പ്രാര്‍ത്ഥനകള്‍ ഏറവേ 
മുറിവുകളുണങ്ങാത്ത  പകലുകള്‍ക്കു  
അന്തിക്കുറി ചാര്‍ത്തുവാന്‍ ഇനിയേതു 
മണ്‍വീണകള്‍ മുഴങ്ങി തരംഗങ്ങളായി
മാറിടെണം?  

പടര്‍ന്നു നിന്ന വേരുകളില്‍ തട്ടി
ആഴങ്ങളില്‍ സാഗരം മുറിച്ചു കടക്കവേ-
ജന്മാന്തരങ്ങളില്‍ പുണ്യമായി തലോടി
ആത്മാവിനെ തൊട്ടുണര്‍ത്താന്‍  
ഇനിയേതു സ്നേഹത്തെ കൂട്ടു  പിടിക്കേണം.?

അനായാസമായി ചഞ്ചലമോതുന്ന 
മൊഴികളില്‍ പ്രതീക്ഷയുടെ
ചാലുകള്‍ ഒഴുക്കവേ-
വേഗതയേറിയ ദിനരാത്രങ്ങളിലെ 
കണികകള്‍ അറ്റു വീഴാതെ  
നീണ്ട പാതയോരങ്ങളില്‍
തണലുമായി കൂട്ടിരിക്കേണം.

 
മാനസ ചിറകുകളെ  ചിപ്പിയിലാഴ്ത്തി 
മറയ്ക്കുന്ന  കിനാക്കള്‍ ഏറെയും  
കൈവെള്ളയില്‍ ഒതുക്കുവാനാവാതെ 
അണിയറയില്‍ ചുരുണ്ടു കൂടുന്നു,
ആകാശം കാണാതെയൊക്കെയും. 

വിസ്മയമാം ആവനാഴിയില്‍ ചിറകു മുളയ്ക്കുമ്പോള്‍
നരജന്മമെന്നു പേര്‍ ചൊല്ലി വിളിക്കുന്നു.  
ജീവിത മാറാലകള്‍ തുടച്ചീടുന്ന നന്മകള്‍തന്‍ 
വാതിലായി അരിമുല്ല പ്രാവുകള്‍ വഴി-
യോരങ്ങളില്‍ പവിഴങ്ങള്‍ പൊഴിച്ചീടുന്നു,
കനല്‍കട്ടയാകുന്ന മര്‍ത്യന്റെ തുടിപ്പുകളില്‍..

December 23, 2012

ആത്മ ദളങ്ങള്‍


മനസ്സിലെങ്ങും ചിന്തകളുടെ 
നിഴലാട്ടമായി പുള്ളികുത്തുകള്‍ 
വീണും, പിടഞ്ഞും  കളിയാടവേ -
പുഴവക്കിലെങ്ങും നിറഞ്ഞ 
മയിലാട്ടമായി ചുവടുകള്‍ 
വെച്ചും,വിതച്ചും പകലി-
ന്നര്‍ദ്ധ യാമങ്ങള്‍ നീങ്ങീടവേ  
അസ്തമയങ്ങള്‍ എന്നില്‍  
പിറക്കുന്നു ഭാവ സാഗരമായി.
കവികള്‍തന്‍  പാടിയുണര്‍ത്തീടുന്ന 
രാഗലയമായി സ്വയംവരപ്പന്തലില്‍ 
ഇളംപനിനീര്‍പ്പൂപോല്‍ ഈണങ്ങള്‍ 
വിരിയിച്ചും ശിലാ കാവ്യമായി-  
ഉടലുകള്‍ക്കു ജീവന്‍ വെയ്പ്പിച്ചും 
ആനന്ദമെന്തെന്നറിഞ്ഞീടുന്നു .

മായാത്ത ഓര്‍മ്മതന്‍ചില്ലുക്കൂട്ടില്‍ 
താരാങ്കണങ്ങളേ നോക്കീടുന്ന അക-
ക്കണ്ണുമായി ജാലകം  തുറക്കവേ ,
ചുവന്ന നാടയില്‍ തീര്‍ത്തോരീറന്‍ 
മേഘപാളിയായി നെഞ്ചിനറകളില്‍ 
വേദനയെന്തെന്നറിയിച്ചീടുന്നു. 
നിനച്ചിരിക്കാതെ വന്ന ഈറന്‍ -
കാറ്റിനോടായി ഓതിയ  കഥക-
ളത്രയും മാനസച്ചിറകുകളെ  തേരി-
ലേറ്റി ഓമനിച്ചീ ടുന്നു ആര്‍ദ്രമായി.
പവിഴങ്ങള്‍ പോലെ  നിലാ കായലില്‍..
തകര്‍ത്തു പെയ്യുന്ന ദിനരാത്രങ്ങള്‍ക്കു 
തിളക്കമായി പൂര്‍ണ്ണത കൈവരുന്നു   .
.

December 21, 2012

നിസ്സഹായത

ഉടയുന്ന എന്‍ കുപ്പികള്‍വളകള്‍ക്കിടയില്‍ 
പിടയുന്നതു നിന്‍ കാമത്തിന്‍ മുനകളോ  
പുലമ്പുന്ന വാക്കിനാല്‍ അര്‍ത്ഥം തേടി 
തുറിക്കുന്ന കണ്ണുമായി ചാരത്തണയവേ,
ഞാനറിയുന്നു ഇരുട്ടിന്‍ കയങ്ങളില്‍ പുല്‍കുന്ന 
അകത്തളത്തെ വെറുമൊരു പേടമാനായി.

















ചുവന്ന നാടയില്‍ തീര്‍ത്തോരീറന്‍ പൂക്കളെ 
നെഞ്ചിനറകളില്‍ കുത്തി നിറക്കവേ 
പലവട്ടം മോഹിച്ചൊരീണമെന്‍ സിരകളില്‍
താളങ്ങള്‍ കെടുത്തുന്ന തപ്തഗീതകങ്ങളായി 
തിരിതാഴ്ത്തി ആഴങ്ങളില്‍ വെന്തടിയുകയായി.

തണലില്ലാത്തോരെന്‍ മനം കൊതിക്കുന്നു വേളയില്‍  
മൂടുപടം നീക്കുവാന്‍, തെല്ലൊന്നു പറന്നീടുവാന്‍ .
പുതപ്പിനാല്‍ മൂടിയും,ചുണ്ടുകള്‍ അമര്‍ന്നും നിന്‍ -
കേളികള്‍ക്കേറെയറുതി വരുത്തുവാന്‍ നേരമായി.

തനിയെ വിറയ്ക്കുന്ന മേനിയില്‍ വിത്തു പാകി 
പിറവിയായി എടുക്കുന്നു ജന്മങ്ങള്‍ അത്രയും.
അറിയാതെ വീണൊരെന്‍ നക്ഷത്രക്കുഞ്ഞുങ്ങളായി 
പെറ്റു പെരുകുന്നു,നാമങ്ങളായി വിരിയുന്നു.
ഇനിയൊരു കാലം വന്നീടുമോ എനിക്കു മാത്രമായി 
അന്നെന്‍ മനതാരില്‍ പാരിജാതമേറെ പൂക്കുകയായി.