September 02, 2013

കണ്ണ്



സമയവും കാലവുമളക്കാതെയുള്ള
എന്റെ കണ്ണുകളിലേക്കുള്ള  നിന്റെ യാത്ര.

ഇന്നുമവിടെ താഴ്വേരുകൾ പൊട്ടിയ 
ഉണക്കമരച്ചോടുകളുണ്ട്,
ചിരിക്കാത്ത പക്ഷികളുണ്ട് 
ചിതറിയ  ഒരാകാശമുണ്ട്‌ .

എന്റെ  കണ്ണിന്റെ പാറയിൽ 
തട്ടി  വീഴുന്ന നിന്റെ മൂകത 
ഒരു കടലായ്  
ഇന്നും താഴേക്കു തന്നെ,
എന്റെ പച്ച ഞരമ്പുകളിലേക്ക് .

ഇന്നീ കണ്ണിന്റെ തിരപ്പെരുക്കത്തിൽ 
മുങ്ങി നിവരുന്ന ഓർമ്മസന്ധ്യകൾ 
ഒരു  പുകമറയിലെന്ന പോൽ 
നീലിച്ചും നരച്ചും 
മണ്ണിനാഴങ്ങളിലേക്ക് ...

എന്നും  
നെഞ്ചിനുള്ളിലമരുന്നു
ഒരു പിടി വിത്തുകൾ,
കാറ്റാടികൾ
നിന്റെ കൈവിരലുകൾ 
തരുന്ന തലോടലുകൾ .

September 01, 2013

കോവിലകം


കന്നിമാസം പൂത്തു നിന്ന 
അരളിച്ചെടിയുടെ മുള്ളാലെ 
വിണ്ടു  കീറിയ നീലരശ്മികൾ  
 ഇന്നെന്റെ ശയ്യയിലെങ്ങുമെങ്ങും .

കണ്ണുകളിലാകെ വിടർന്ന 
ഇടവപ്പാതിയുടെ കേളികൊട്ട് 
തകൃതിയായ് ഇന്നെന്റെ 
ഉത്സവപ്പറമ്പിലേക്കും .

നരച്ച കോമരങ്ങളും 
ചുട്ടു പഴുക്കുന്ന മനസ്സുകളും 
ഒന്നിക്കുന്ന കോവിലകം -
ഇന്നവിടെയാകുന്നു 
എന്റെ കവിതയിലെ 
നാറാണത്തു ഭ്രാന്തൻ. 
ഇന്നിവനാകുന്നു 
എന്റെ ജലരേഖയിൽ 
തൊടുന്ന പാട്ടുകാരൻ .

August 31, 2013

പൂർവ്വസ്മൃതി


കഴുത്തിൽ അള്ളിപ്പിടിച്ച 
കാറ്റിന്റെ വേഗവുമായ് 
കറപുരണ്ട വരികൾക്കിടയിലൂടെ 
നടന്നകലുന്ന എന്റെ പൂർവ്വസ്മൃതി .
 ഇന്നു നീയെനിക്കു അപരിചിതൻ .
ഞാൻ കാറ്റിലുലയുന്ന ഒരു ചില്ല .

June 07, 2013

ഇവൾ



കല്ലും മണ്ണും കൊണ്ടൊരു പെണ്ണ് 
ഇവൾ കാട്ടിലെ കുരുത്തം കെട്ട പെണ്ണ്.
വേനലായ്‌ വന്നൊരു സൂര്യനെ 
ധ്യാനിച്ചവൾ നീ.
മഴയായ് വന്നൊരു കാർമേഘത്തെ 
കാർന്നു തിന്നവൾ നീ .
എള്ളും പൂവുമില്ലാതെ 
കവിതയെ നനയ്ക്കുന്ന 
ആർദ്രതയുടെ പ്രണയാത്മാവോ നീ ..
കണ്ടു കണ്ടങ്ങനെ തപിക്കുന്നിവൾ 
കണ്ടു കിട്ടാത്തൊരു ഇരയെ 
തേടി ഒഴുകും പെണ്‍പുഴ .

മാനം കണ്ട മയിൽപീലിയായ് 
മാനത്തണഞ്ഞ മയൂഖത്തെ 
മറയായ്‌ പിടിച്ചവൾ .
ചാരം വീണ കണ്ണുകളിൽ 
തിളങ്ങി വാങ്ങിയ പ്രേമത്തെ 
കടലായ് ഒഴുക്കിയവൾ .

ഇവളിന്നൊരു പുനർജ്ജനിയുടെ വേര് .
താഡനമേറ്റ കുറുങ്കവിത.
കണ്‍  തുറക്കാത്തോരാത്മാവിന്റെ 
മൂടൽമഞ്ഞ് .

ഇന്നിവളുടെ അധരം തുരക്കുന്നു 
നാലു ചുവന്ന മൈനകൾ .
ഇവളുടെ ധ്യാനം മുറിക്കുന്നു 
ഏഴാംകടലിൻ മണ്‍ചെരാതുകൾ .
കാറ്റിനെ നുറുക്കുന്ന എഴിലമ്പാലയുടെ 
പേറ്റു നോവറിയാത്ത കരിങ്കിളി നീ -
യേറ്റുപാടാത്തതെന്തേ നിൻ രക്തവീണയിൽ .

ഇന്നിവളൊരു വിധവ:.
മാനം കാണാത്ത മയിൽ‌പീലി.
കാട്ടിലൂടെ ഒഴുകുന്നൊരു -
പുരാതന നദി .
കണ്ടു കണ്ടങ്ങനെ തപിക്കുന്നിവൾ 
കണ്ടു കിട്ടാത്തൊരു ഇരയെ 
തേടി ഒഴുകും പെണ്‍പുഴ .

പാതിരാവിൽ 
പാതി ചാരും കണ്ണിമയുടെ
ഇരുട്ടു മരമായ്‌  
കൂട്ടിലെ കിളി ചൊല്ലുമെന്നും 
പ്രണയത്തിൻ തിക്താനുഭവങ്ങൾ .

May 28, 2013

വീട് ,ബാല്യം ..

വീട് 


വീടാണു എന്റെ പച്ചപ്പാടം .
ഞാനതിലൊരു  നോക്കുകുത്തി .
കത്തിയെരിയുന്ന വേനലിന്റെ 
അകത്തളത്തിലി -
ന്നകത്തമ്മയായ് 
മന്ത്രണമോതുന്ന
വിയർക്കുന്ന കൈകളാൽ 
ചോറു വിളമ്പുന്നെന്റമ്മ . 
തള്ളവിരൽ കടിച്ചു പറിച്ചെന്റെ 
വിശപ്പിനെ 
അമൃതായ് ഊട്ടുന്നൊരമ്മ  .
ഉച്ചിയിലെ മുറിവുകൾക്കിടയിൽ 
പച്ചിലമരുന്നിന്റെ പച്ചപ്പുമായ് 
ഇന്നമ്മയുടെ കൈപ്പട .

പാതി കീറിയ വെളിച്ചത്തിൽ 
ആലവട്ടങ്ങൾ തൂക്കിയ 
പച്ചപ്പാടമാണിന്നെന്റെ വീട് .
ഇന്നെനിക്കു പച്ചച്ചിറകുകൾ .
അങ്ങകലേ മുന്തിരിപ്പാടം 
കൊയ്തു മറിക്കുന്നതി-
ന്നെന്റമ്മയുടെ തള്ളവിരൽ .
വീട്ടിൽ ഇന്നു നാലു നോക്കുകുത്തികൾ . 
താനേ പൂക്കുന്ന നാലു വെണ്‍ചാമരങ്ങൾ .

ആശിസ്സുകളേറെ വാങ്ങിവെച്ചോരെന്റെ-
യുച്ചിയിലിന്നൊരു ബലിക്കാക്ക വന്നു കൊത്തുന്നു.
മരണമേ നീ സഖി ,
പുനർജ്ജനി നീയെൻ വഴി 
കാലമേ ,കരുത്തില്ലാത്തോരെന്റെ ശിരസ്സിൽ 
നീ കഴുകന്റെ രക്തം നിറയ്ക്കുക . 
എന്റെ മുറിഞ്ഞൊരീണങ്ങളെ 
നീ  കവിതയായ് കോർത്തു 
അർദ്ധ ചന്ദ്രനു നല്കീടുക .

========================

ബാല്യം 


കൂരിരുട്ടിൽ തപ്പിതടഞ്ഞ 
അമ്മയുടെ കണങ്കാലിനൊത്തു -
പിച്ച വെച്ചു നടന്ന 
താളം തെറ്റിയ 
എന്റെ ബാല്യം .
ഇന്നമ്മയുടെ ഗർഭപാത്രം ചുമക്കുന്നു -
വേറൊരു എട് .
നാളെയുടെ വാനമ്പാടി .
മുറവിളി കൂട്ടുന്നൊരച്ചന്റെ വെറ്റിലച്ചുണ്ടിൽ 
ഇന്നു നട്ടുച്ചയുടെ തീനാളങ്ങൾ .
എന്നെ അന്ധയാക്കുന്നു ,
ഈ മറവിയുടെ നട്ടുച്ചകൾ .
മൂകമായ മൂങ്ങയെ പോലെ 
കണ്ണുകളറ്റും,
 കരളറുത്തും 
രാവിന്റെ വേരുകളിലൂടെയുള്ള 
എന്റെ വേച്ചു വേച്ചു നടത്തങ്ങൾ .

അച്ഛാ ,ഇത്തിരി വെട്ടത്തിൽ 
അറിവിന്റെ അറവുകാരനായ് 
നീയെന്നിൽ കുരുത്തോല കെട്ടിത്തൂക്കിയതെന്തേ ..
പാതിയടഞ്ഞ എൻ  കണ്‍പീലിയിൽ 
സ്നേഹത്തിന്റെ ചാലുകൾ ഒഴുക്കാത്തതെന്തേ ..
വിടരുവാനുണ്ടിനിയുമേറെ സൂര്യകാന്തികൾ ,
മറഞ്ഞു നില്ക്കുവാനുണ്ടിനിയുമെന്റെ  മൂകവേഷങ്ങൾ  ..
തിരയുടെ തള്ളിക്കയറ്റമായ് 
കനത്ത ഒരു വെയിലെന്നെ 
ഇന്നു രണ്ടായ് പിളർക്കുന്നു .

=====================

പാടത്തെ തോറ്റമ്പാട്ടായ് 
അപ്പൂപ്പനുമമ്മൂമ്മയുമിന്നു മണ്ണിൽ നിന്നിറങ്ങി വരുന്നു .
എന്റെ  കണ്ണുകൾക്കവരിന്നൊരു നിറസന്ധ്യ ,
എന്റെ വരികൾക്കിടയിലെ ആയുസ്സിന്റെ 
കനത്ത രണ്ടു തൂണുകൾ .

അപ്പൂപ്പനുമമ്മൂമയ്ക്കുമിന്നൊരു -
ബലിക്കാക്ക കൊത്തിയിട്ട വെള്ളരഞ്ഞാണം .
ഇന്നവർ വെള്ള പുതച്ചുറങ്ങുന്ന 
രണ്ടു വെള്ളരിപ്രാവുകൾ .

കാലമേ നീ സാക്ഷി .
 

May 27, 2013

അവസ്ഥാന്തരങ്ങൾ



മരുഭൂമിയിൽ ഒറ്റപ്പെട്ടവന്റെ 
അങ്കത്തട്ടായ് 
ഇന്നു ഭൂമി പിളരുന്നു .
കാനനവാസം വെടിഞ്ഞൊരുവൻ 
പെണ്ണുരുത്തിക്കു 
മാറിൽ മിന്നു കൊടുക്കുന്നു . 
സ്നേഹവും കാലവും 
അളന്നെടുത്തവൻ 
ഭൂമിയുടെ തെക്കേ നടയിൽ 
തീർത്ഥാടനത്തിനൊരുങ്ങുന്നു  . 
കലികാലമെന്നോതിയ ഭിക്ഷക്കാരന്റെ 
കാൽച്ചുവട്ടിലൂടെ ഇന്നു 
കട്ടുറുമ്പുകളുടെ ശീതസമരം . 
പരിണാമ സിദ്ധാന്തം പഠിപ്പിച്ച 
അധ്യാപകന്റെ കയ്യിലിന്നൊരു 
വെളുത്ത പൂച്ചക്കുഞ്ഞ് . 
പടയൊരുക്കവുമായ് 
അങ്കം വെട്ടിയ രാജാവിന്റെ 
മകുടിയിലിന്നൊരു 
ഉടഞ്ഞ കൂരമ്പിന്റെ 
നീണ്ട ചരിത്രപുസ്തകം . 
സ്വപ്നാടനം വെടിഞ്ഞ 
കാമുകന്റെ തോളിലിന്നൊരു 
വേഴാമ്പലിന്റെ കൊത്തിയ പാട് . 

ഭൂമി പ്രളയമാർക്കുന്നു .
പക്ഷികുഞ്ഞ് കൂടു വിടുന്നു.
കാൽനടക്കാരിൽ - 
ഒരമ്പു വന്നു വീഴുന്നു.
കലികാലമെന്നോതിയ 
ഭിക്ഷക്കാരന്റെ കാൽച്ചുവട്ടിൽ  
ഇന്നു നാലു ശവങ്ങൾ . 

അവസ്ഥാന്തരങ്ങൾ മാറി മറയുന്നൊരു വേള ,
കാലവേഷങ്ങൾ അഴിച്ചു വെച്ചുള്ള ഇടവേള 
കലികാലമെന്ന വാക്കിന്റെ
 മൂർച്ചയുള്ള നേരമ്പോക്കായ് 
വന്നുവല്ലോ 
ഭൂമിയുടെ പ്രളയാർദ്ര ദിനം .


May 16, 2013

ഉഷ്ണ വിലാപം




എരിയുന്ന പ്രാണന്റെ ഉഷ്ണ വിലാപമേ 
നീയെരിഞ്ഞൊന്നടങ്ങുക . 
വേരിളകുന്ന മണ്ണിന്റെ ഹൃദയ താളമേ 
നീയമർന്നൊന്നു പെയ്യുക . 
തമസ്സിനെ കീറുന്ന ഇരുൾഭൂതമേ 
നീ കാവി പുതഞ്ഞൊരു കണ്ണാന്തളിരാവുക . 

വിരഹിണി രാവിന്റെ മേൽക്കൂരയിൽ
 ഇന്നൊരു കിളിയുടെ കാലൊച്ച . 
മൂകമാം ത്രിസന്ധ്യയുടെ  അഗ്നികുണ്ഡത്തിൽ  
വീഴുമിന്നെന്റെ ചെന്താമര ,
വാനിൽ തറഞ്ഞു നിന്നൊരു കണ്ണീർമഴ . 

ഇന്നെനിലൊരു കരിഞ്ഞ പട്ടം.
നിന്നിലൊരു പേടമാൻ . 
നമ്മുടെ കണ്ണുകളിലൊരു നനഞ്ഞ താഴ്വര.  

പണ്ടേ എന്റങ്കണത്തിൽ പൂരങ്ങളേറെ വന്നേ പോയ്‌ .
നിലാവെട്ടങ്ങളേറെ നീറി നനഞ്ഞേ പോയ്‌ . 
കവി തൊട്ടെന്റെ ഉള്ളകമാകേ പിടഞ്ഞേ പോയ്‌ .
എന്നിലൊരു നൂറു നഖങ്ങൾ തിളങ്ങി മറഞ്ഞേ പോയ്‌ . 

വസന്തത്തിന്നറയിൽ ഉഷ്ണം പങ്കിടുന്ന 
രണ്ടിളം കിളികളുടെ വിലാപത്തുവലുകൾ 
ഇന്നെന്റങ്കണത്തു വീഴുന്ന രണ്ടു തെച്ചിപ്പൂവിതളുകൾ . 


ഇന്നൊരുപിടി മണ്ണുകൊണ്ടെന്റെ പൂർണ്ണത . 
മഴവില്ലിനാൽ മറയ്ക്കുന്നു ഈ നഗ്നത . 
ചാരം മണക്കുന്ന കവിത ,
മണ്ണിൽ പിറന്നൊരു ദേവത . 

ഒറ്റച്ചിറകിനാൽ ഋതുമതിയാകുന്നൊരു പെണ്ണ് .
വാൾമുനയിൽ ഉള്ളം കറുക്കുന്നു അവളുടെ കണ്ണ് . 
ഉള്ളംകയ്യാലെ ഭൂമിയെ തണുപ്പിക്കുന്ന വിണ്ണ്,
ഇന്നവൾ നെഞ്ചിലേറ്റുന്നത് ഒരു പിടി മണ്ണ്.  

ഇന്നെന്റെ പ്രണയത്തിനേറെ ഉഷ്ണം .
മൗനത്തിനേറെ തണുപ്പ് . 
കാമത്തിനേറെ ചുവപ്പ് . 
പ്രണയവും,കാമവും ഒരുമിച്ചുറങ്ങുന്നതു -
ഇന്നൊരേ ശില്പിയിൽ .